Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള് പ്രമാണിച്ചാണ് അവധി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, കാട്ടാക്കട താലൂക്കിലെ പത്ത് വില്ലേജുകളുടെയും പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചല്, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്, കുളത്തുമ്മല്, മാറനല്ലൂര്, മലയിന്കീഴ്, വിളവൂര്ക്കല്, വിളപ്പില് എന്നീ വില്ലേജ് പരിധിയിലും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
District News
കാട്ടാക്കട: കാട്ടാക്കട പട്ടണവികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ 19.65 കോടി രൂപ അനുവദിച്ചു. കിഫ്ബിയിൽനിന്ന് 100 കോടി ചെലവിടുന്ന കാട്ടാക്കട പട്ടണപദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതിലുൾപ്പെട്ട ഒന്നാംഘട്ടത്തിലെ 41.46 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. ഇതിലെ റിംഗ് റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനായാണ് തുക അനുവദിച്ചത്.
കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ, വീരണകാവ്, പെരുംകുളം വില്ലേജുകളിൽ ഉൾപ്പെട്ട 35 സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന കാട്ടാക്കട പട്ടണം അതിരിടുന്ന 1.57 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2020-ൽ സ്ഥലപരിശോധന പൂർത്തിയാക്കി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ലിടലും നടത്തിയിരുന്നു.
സാമൂഹികാഘാതപഠനം ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇതിൽ റവന്യൂ വകുപ്പ് പ്രാഥമികമായി കണക്കാക്കിയ തുകയാണ് ഇപ്പോൾ അനുവദിച്ചത്. അന്തിമ കണക്കെടുപ്പിൽ 49 കോടിയോളം രൂപയാണ് ഭൂമി ഏറ്റെടുക്കാൻ ആകെ വേണ്ടിവരുക. ഇതിന്റെ ഫയലുകൾ ധനകാര്യ വകുപ്പിനു മുൻപിലുണ്ട്. ബാക്കി തുകകൂടി ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതുംകൂടി ലഭിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു
District News
പേയാട്: കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവ ഉദ്ഘാടന സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, എന്നിവർ ആശംസകൾ അറിയിച്ചു. കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നന്ദിയും രേഖപ്പെടുത്തി.
ഒന്പതു വേദികളിലായി നടക്കുന്ന മത്സരത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 1800 മത്സരാർഥികൾ പങ്കെടുക്കുന്നു.